ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ഉൾപ്പെടെ അറസ്റ്റിലായവരിൽ നിന്ന് ജമ്മു കാഷ്മീർ പോലീസ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്. സ്ഫോടനത്തിൽ സമീപത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.